ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന് ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്. 1959-ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത്. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന് അവകാശപ്പെട്ടതാണ്. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത് 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്. ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്.
ചരിത്രം
സാഹിത്യകാരന്മാർക്കും ചിത്രകാരന്മാർക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രൻ നിലകൊള്ളുന്നത്. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ഈ ഗോളം. അയർലണ്ടിലെ നോത്ത് എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 5000 വർഷം പഴക്കമുള്ള ഒരു പാറക്കഷണത്തിൽ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു. പുരാതന കാലഘട്ടത്തിൽ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രൻ ഒരു ദേവതയാണ്. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികൾ നിലവിലുണ്ട്.
ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് പാശ്ചാത്യലോകത്ത് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന് സമർത്ഥിക്കാൻ ശ്രമിച്ചത്. ചന്ദ്രൻ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ തടവ് ശിക്ഷക്കും നാടുകടത്തലിനും ആണ് വിധേയനാക്കിയത്. അരിസ്ടോട്ടിലിന്റെ പ്രപഞ്ചഘടനയിൽ മാറ്റങ്ങൾ വരുന്ന ഭൂമി, ജലം, വായു, അഗ്നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി ചന്ദ്രനായിരുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്ത്രജ്ഞർ ഈ വിശ്വാസത്തിൽ തുടർന്നു.