കാസര്‍കോട് ഉപജില്ലാ കലോത്സവം നാളെ തുടങ്ങും
കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവം 29ന് തുടങ്ങും. അഞ്ചു വിദ്യാലയങ്ങളിലെ വേദികളില്‍ ആറുദിവസങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. 320 മത്സര ഇനങ്ങളിലായി 3401 പ്രതിഭകള്‍ പങ്കെടുക്കും. 29ന് കാസര്‍കോട് ടൗണ്‍ യു.പി.സ്കൂള്‍, ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ രചനാ മത്സരം നടക്കും.
30, ഡിസംബര്‍ ഒന്ന് തീയതികളില്‍ മഡോണ എ.യു.പി.എസ്സില്‍ അറബിക് സാഹിത്യോത്സവവും എസ്.ജി.കെ.എച്ച്.എസ്.കുഡ്ലുവില് സംസ്കൃതോത്സവവും നടക്കും. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള അധ്യക്ഷനാകും. ഡിസംബര്‍ അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും.