2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

 യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

ബാംഗ്ലൂര്‍: ജ്ഞാനപീഠജേതാവും മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ യു.ആര്‍.അനന്തമൂര്‍ത്തി (82) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.

കടുത്ത പ്രമേഹരോഗബാധിതനായിരുന്ന അനന്തമൂര്‍ത്തിക്ക് കുറച്ചു വര്‍ഷങ്ങളായി ഇടയ്ക്കിടെ ഡയാലിസിസ് നടത്തിയിരുന്നു. പനിയെത്തുടര്‍ന്ന് പത്തുദിവസം മുമ്പ് മണിപ്പാല്‍ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ നില മോശമായതിനാല്‍ നാലുദിവസംമുമ്പ് തീവ്രപരിചരണവിഭാഗത്തിലാക്കി. രണ്ടു വൃക്കകളും പ്രവര്‍ത്തിക്കാതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടത്തില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കലാഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കുശേഷം നടക്കും. ശനിയാഴ്ച വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

ഷിമോഗ ജില്ലയില്‍ തീര്‍ഥഹള്ളി താലൂക്കിലെ മെലിഗെ ഗ്രാമത്തില്‍, ബ്രാഹ്മണകുടുംബത്തില്‍ 1932 ഡിസംബര്‍ 21നാണ് ഉടുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി ജനിച്ചത്. നാട്ടില്‍ പ്രാഥമികവിദ്യാഭ്യാസം. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദം നേടിയശേഷം കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടിലേക്കു പോയി. ബര്‍മിങ്ങാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.

മൈസൂര്‍ സര്‍വകലാശാലയില്‍ വളരെക്കാലം അധ്യാപകനായിരുന്നു. അവിടെ പ്രൊഫസറായിരിക്കെ, 1987ല്‍ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായി. വിരമിക്കാന്‍ ഒരുവര്‍ഷം ബാക്കിയിരിക്കെ രാജിവെച്ച അദ്ദേഹം ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലും ഏതാനും വിദേശ സര്‍വകലാശാലകളിലും വിസിറ്റിങ് പ്രൊഫസറായിരുന്നു.

1992ല്‍ ദേശീയ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായി. അടുത്ത കൊല്ലം കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി. അവസാനകാലത്ത് പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. 'സംസ്‌കാര', 'ഭാരതീപുര', 'അവസ്‌ഥെ', 'ഭാവ', 'ദിവ്യ' എന്നിവയാണ് നോവലുകള്‍. അഞ്ചെണ്ണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എട്ട് ചെറുകഥാസമാഹാരങ്ങളും മൂന്ന് കവിതാസമാഹാരങ്ങളും നാടകവും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

എസ്‌തേറാണ് ഭാര്യ. ശരത്തും അനുരാധയും മക്കള്‍. ബാംഗ്ലൂരിലെ ആര്‍.എം.വി. എക്സ്റ്റന്‍ഷനിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

കന്നഡ സാഹിത്യത്തില്‍ നവ്യപ്രസ്ഥാനത്തിലെ പ്രമുഖ എഴുത്തുകാരിലൊരാളാണ് അനന്തമൂര്‍ത്തി. 1994ലാണ് ജ്ഞാനപീഠപുരസ്‌കാരം കിട്ടിയത്. 1998ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി. സാഹിത്യത്തിനുള്ള 2013ലെ ബുക്കര്‍ സമ്മാനത്തിന് അവസാനവട്ടം അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നു.കൊല്‍ക്കത്ത സര്‍വകലാശാല ഡിലിറ്റ് നല്കി ആദരിച്ചിട്ടുണ്ട്.