പ്രകൃതിയുടെ ഭീഷണികള്‍ക്ക് ഒറ്റമൂലി മരം നടല്‍- അംബികാസുതന്‍ മാങ്ങാട്
2
കാസര്‍കോട്:പ്രകൃതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും അവയ്ക്കുള്ള ഒറ്റമൂലിയാണ് മരം എന്നും പ്രശസ്ത സാഹിത്യകാരന്‍ അംബികാസൂതന്‍ മാങ്ങാട് പറഞ്ഞു. ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുന്ന് കാണുമ്പോള്‍ ലോഡ് കണക്കിന് മണ്ണിനെക്കുറിച്ചാണ് ഇന്നത്തെ തലമുറയിലെ പലരും ചിന്തിക്കുന്നത്. കാട് അവര്‍ക്ക് കോടിക്കണക്കിന് വിലയുള്ള ലോഡ് കണക്കിന് മരങ്ങള്‍ മാത്രമാണ്. പുഴ ലക്ഷങ്ങള്‍ മറിയുന്ന മണല്‍ക്കൂനയും. നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തല്‍ കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലുകള്‍ക്ക് ശേഷം ഇപ്പോള്‍ ആ തീരത്ത് കടലാമ മുട്ടകള്‍ ആരും നശിപ്പിക്കുന്നില്ല. അവിടെ ഒരു സംഘം നല്ല ചെറുപ്പക്കാരുടെ പ്രവര്‍ത്തനം നാടിന്റെ മനസ്സ് മാറ്റിയിരിക്കുകയാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് പ്രകൃതിയുടെ ഓരോ കാര്യത്തിലും ഉണ്ടാകേണ്ടതെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
പാരിസ്ഥിതിക വിഷയങ്ങളില്‍ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാതൃഭൂമി നടത്തുന്ന ഇടപെടലുകളുടെ വിജയപതാകയാണ് സീഡ്. ഭൂമിയിലെ വിഷം ആഹരിച്ച് പ്രാണന്‍ നിലനിര്‍ത്തുന്ന മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്ന പുണ്യകര്‍മത്തിലേക്കാണ് അതിലൂടെ കുട്ടികളെ മാതൃഭൂമി വഴിനടത്തുന്നതെന്നും അംബികാസുതന്‍ മാങ്ങാട് കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ.എല്‍.ഫ്രാന്‍സിസ്, കാസര്‍കോട് ഡി.ഇ.ഒ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ബിജു, മദര്‍ പി.ടി.എ.പ്രസിഡന്റ് ഖദീജാ ഹാരിസ്, ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ പി.ഐ.സുധാകരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടി.തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.ബി.അനിതാ ഭായി സ്വാഗതവും മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് കെ.വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.