വിദ്യാര്‍ഥികളുടെ മനസ്സിലും വീട്ടിലും ഇനി സൂര്യവെളിച്ചം
Posted on: 28 Oct 2014
കാസര്‍കോട്: മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച പഴയകാലം പങ്കുവെച്ച് വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ കാരുണ്യത്തിന്റെ വെളിച്ചം കൊളുത്തി. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാരുണ്യസ്പര്ശത്തിന്റെയും സ്റ്റുഡന്റ്‌സ് പോലീസിന്റെയും എന്‍.സി.സി.യുടെയും നേതൃത്വത്തില്‍ നടത്തിയ സൗരവിളക്ക് വിതരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പത്താംതരം വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് സൗരവിളക്ക് നല്കിയത്. വീട്ടില്‍ വൈദ്യുതിയെത്താത്ത വിദ്യാര്‍ഥികള്‍ക്കാണ് പഠനം മെച്ചപ്പെടുത്തുന്നതിന് സൗരോര്‍ജവിളക്ക് നല്കിയത്.
സീഡും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും ചേര്‍ന്നുള്ള പദ്ധതിയായ കാരുണ്യസ്പര്‍ശം അഞ്ചുവിളക്കുകള്‍ നല്കി. എന്‍.സി.സി.യും എസ്.പി.സി.യും ഒരോന്നും നല്കി. പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുന്‍ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ യൂത്ത് ലീഗ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സഹീര്‍ ആഷിഫ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, എസ്.പി.സി. ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, എന്‍.സി.സി. ഓഫീസര്‍ എം.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
പ്രഥമാധ്യാപിക എം.ബി.അനിതാഭായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശന്‍ നന്ദിയും പറഞ്ഞു.